ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റ് ആണ്. ഈ സൈറ്റിലുള്ള വിവരങ്ങൾ അപൂർണ്ണമാണ്
ഭൂമിശാസ്ത്രം

ഏകദേശം 12-ം നൂറ്റാണ്ടുവരെ ഉയര്‍ന്ന ഒരു സാംസ്കാരിക നിലവാരമുണ്ടായിരുന്ന ജനപഥങ്ങള്‍ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നിലനിന്നിരുന്നുവെന്നും, ശത്രുക്കളുടെ ആക്രമണത്താലോ, പ്രകൃതി ക്ഷോഭത്താലോ, മഹാരോഗങ്ങള്‍ നിമിത്തമോ ജനപഥങ്ങളാകെ അപ്രത്യക്ഷമായിപോയെന്നും ഊഹിക്കേണ്ടിയിരിക്കുന്നു. ജനവാസമില്ലാതെ അഞ്ഞൂറു വര്‍ഷത്തോളം വനമായികിടന്ന പ്രദേശത്ത് 300 ലേറെ  വര്‍ഷങ്ങള്‍ക്കു  മുമ്പ് വീണ്ടും ജനവാസം ആരംഭിച്ചുവെന്നും അനുമാനിക്കണം. മലപേരൂര്‍, പാവൂര്‍ പ്രദേശങ്ങളും, ഇന്നത്തെ കൃഷി ഫാമും വനമായിരുന്നത് പൂര്‍ണ്ണമായി വെട്ടിത്തെളിച്ചിട്ട് 25-35 വര്‍ഷത്തോളമേ ആകൂ. കുടിയിറക്ക് ജന്മിത്ത്വത്തിന്റെ പൊതു സ്വഭാവമായിരുന്നു. 1940 കള്‍ക്കു ശേഷം പ്രദേശത്തെ പുരോഗമന ആശയക്കാരായ ഒരു കൂട്ടം ആള്‍ക്കാര്‍ കുടിയിറക്കിനെതിരെ സംഘടിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സമരത്തിന്റെ രൂപഭാവങ്ങള്‍ കൈക്കൊണ്ടിരുന്നില്ലെങ്കിലും അതിശക്തമായ ചെറുത്തു നില്‍പ്പുകള്‍ നിമിത്തം മാന്യമായ ഒത്തു തീര്‍പ്പുകള്‍ ഈ രംഗത്തുണ്ടായി. മൂന്നുമുറിപ്പുരയില്‍ ഒരു കെട്ടിടം, 21 തൊടിയില്‍ ഒരു കിണര്‍, പതിഞ്ഞ ഒരെക്കര്‍ ഭൂമി ഇതായിരുന്നു പാലമൂട്ടില്‍ കൊച്ചുനാരായണ പിളള ജന്മിക്ക് അംഗീകരിക്കേണ്ടി വന്ന ഒരു ഒത്തു തീര്‍പ്പ്. കൈവശക്കാരന്റെ ഒരു ഭൂമി ബലാല്‍ക്കാരമായി വെച്ച ജന്മിക്കെതിരെ നടന്ന ഒരു ചെറുത്തു നില്‍പ്പ് ഐതിഹാസികമായിരുന്നു എന്ന് അതിന് കര്‍മ്മികത്വം വഹിച്ച മനുഷ്യ സ്നേഹിയായ ഒരു പൊതുപ്രവര്‍ത്തകന്‍ അഭിമാനത്തോടുകൂടി പറയുകയുണ്ടായി. അയിത്താചാരങ്ങള്‍ക്കെതിരെയും അവര്‍ പോരാടി. ചായക്കടയില്‍ ചായ ചിരട്ടയില്‍ കൂടിക്കേണ്ടി വന്ന പുലയ സമുദായക്കാരനെ കൊണ്ട് ചായക്കട തുടങ്ങിച്ചത് അന്നത്തെ കാലത്തെ വലിയ ഒരു സംഭവമായിരുന്നു. ആഢ്യ കുടുംബത്തില്‍ ചികിത്സിക്കാന്‍ ചെന്ന ഈഴവനായ വൈദ്യന് ഇരിക്കാന്‍ ബഞ്ചിനു പകരം ചാക്കിട്ടു കൊടുത്ത സംഭവം 1950 കളിലാണ് ഉണ്ടായത്. വൈദ്യര്‍ നിശബ്ദം പ്രതിഷേധിച്ചിറങ്ങി പോന്നു. സാമൂഹ്യ അനീതിക്കെതിരെ പോരാടുന്നതിനും, തേജസ്സുറ്റ ഒരു രാഷ്ട്രീയ - സാമൂഹ്യ ക്രമത്തെക്കുറിച്ച് ചിന്തിക്കുന്നതിനും പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളായ തുടയന്നൂര്‍, ചാണപ്പാറ, വെളുന്തറ എന്നിവടങ്ങളില്‍ രൂപം കൊണ്ട ഗ്രന്ഥശാലകള്‍ അന്നത്തെ ചെറുപ്പക്കാര്‍ക്ക് സഹായകമായി. കൊല്ലവര്‍ഷം 1102 മുതല്‍ ജാതി ഭേദങ്ങളില്ലാതെ എല്ലാ ഹിന്ദുക്കള്‍ക്കും വെളിന്താറയിലെ അതിശയ മംഗലം ക്ഷേത്രത്തില്‍ പ്രവേശനമുണ്ടായിരുന്നതായി രേഖകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നു. ഹരിജനോദ്ധാരണത്തിന് വേണ്ടി പൊതു ആരാധനാ സ്ഥലം ആവശ്യമാണെന്നു തോന്നിയതിനാല്‍ സത്യമംഗലത്ത് പരമേശ്വരന്‍ പിള്ളയെന്നയാള്‍ കൊച്ചുകറുമ്പന്‍ എന്ന പുലയനെകൊണ്ട് അമ്പലത്തില്‍ ദീപം തെളിയിച്ചു. അയിത്തവും അനാചാരവും കൊടി കുത്തി വാണിരുന്ന അക്കാലത്ത് ഈ സംഭവത്തില്‍ പ്രതിഷേധിച്ച് ശാന്തിക്കാരായ പോറ്റിമാര്‍ സ്ഥലം വിടുകയും ചെയ്തു. മറ്റ് സവര്‍ണ്ണര്‍ അമ്പലത്തില്‍ വരാതാവുകയും ചെയ്തു. എങ്കിലും പൂജാദി കര്‍മ്മങ്ങള്‍ പരമേശ്വരന്‍ പിളള തന്നെ ഏറ്റെടുത്ത് 30 വര്‍ഷത്തോളം നടത്തിയെന്ന് പറയപ്പെടുന്നു. ഉത്സവാദികള്‍ നടത്തുന്നതിന് ക്ഷേത്ര പറമ്പില്‍ സ്ഥലം കുറവായതിനാല്‍ കുറെ സ്ഥലം ക്ഷേത്ര പറമ്പിന് വേണ്ടി സൌജന്യമായി പരമേശ്വരന്‍ പിളള നല്‍കുകയുണ്ടായി. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഉണ്ടായ കടയ്ക്കല്‍ വിപ്ളവത്തില്‍ പങ്കെടുക്കാന്‍ വയ്യാനം, കോട്ടുക്കല്‍, മണ്ണൂര്‍, തുടയന്നൂര്‍, വയല തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ധാരാളം ആളുകള്‍ ചെറു സംഘങ്ങളായി പത്തും, പതിനഞ്ചും കിലോമീറ്റര്‍ നടന്ന് കടയ്ക്കലേക്ക് പോവുകയുണ്ടായി. ഈ സംഭവുമായി ബന്ധപ്പെട്ട് നിരവധി പേരെ പ്രതിയാക്കിയെടുത്ത കേസ്സുകളില്‍ നിന്നും അവരെ ഒഴിവാക്കാന്‍ അന്നത്തെ നാട്ടുപ്രമാണിമാര്‍ക്ക് കഴിഞ്ഞു. തന്‍നിമിത്തം ആ വിപ്ളവത്തില്‍ പങ്കെടുത്തവരുടെ പേരുകള്‍ ഒരു രേഖയിലും ഇല്ലാതെ പോവുകയും ചെയ്തു. കോട്ടുക്കല്‍ കേന്ദ്രീകരിച്ച് ഒരു കഥകളി യോഗം പ്രവര്‍ത്തിച്ചിരുന്നു. ഇന്നത് നാമാവശേഷമായിരിക്കുന്നു. പടയണി, കുത്തിയോട്ടം, കമ്പടികളി (കമ്പടവ്കളി) തുടങ്ങിയവ ഉത്സവങ്ങള്‍ക്ക് മാറ്റ് കൂട്ടിയിരുന്നു. ഈ കലാരൂപങ്ങള്‍ ഇന്നും വശമുള്ളവര്‍ നിരവധിയാണ്. ഊഞ്ഞാല്‍ പാട്ട്, തുമ്പി തുള്ളല്‍, അത്തക്കളപ്പാട്ട്, തിരുവാതിരക്കളി എന്നിവ ഉത്സവ വേളകളില്‍ സര്‍വ്വ സാധാരണമായി അരങ്ങേറിയിരുന്നു. നാടന്‍ പാട്ടുകള്‍ നെല്‍പ്പാടങ്ങളെ പുളകമണിയിച്ചിരുന്നു. അനുഗ്രഹീതമായ ശബ്ദത്തില്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയില്ലാതെ ആലപിക്കപെട്ട ഈ പാട്ടുകള്‍ കര്‍ഷകന്റെ വിയര്‍പ്പും നാടിന്റെ ഹൃദയത്തുടിപ്പും ഉള്‍ചേര്‍ന്നതായിരുന്നു. കര്‍ഷക തൊഴിലാളികളായ സ്ത്രീകള്‍ ചൂട്ട് നൃത്തമാടിയിരുന്നതായി പഴമക്കാര്‍ പറയുന്നു. ഇന്ന് ഈ കലാരൂപം ആര്‍ക്കും അറിയാത്തവണ്ണം അന്യം നിന്നു പോയി. നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് കുടിപ്പള്ളിക്കൂടങ്ങളായിരുന്നു മുഖ്യമായും അടിസ്ഥാന വിദ്യാഭ്യാസത്തിനുണ്ടായിരുന്നത്. വീടുകളില്‍ അദ്ധ്യാപകരും എഴുത്താശാന്‍മാരും കുട്ടികളെ  പഠിപ്പിക്കാനെത്തുന്ന പതിവ് നിലനിന്നിരുന്നു. മതപഠനം, വൈദ്യശാസ്ത്ര പഠനം എന്നിവയായിരുന്നു അന്നത്തെ മറ്റ് പഠനശാഖകള്‍. സംസ്കൃത പാണ്ഡിത്യം സര്‍വ്വാദരണീയമായിരുന്നു. പൊതുവിദ്യാഭ്യാസത്തിന്റെ ആവശ്യം വന്നപ്പോള്‍ എല്ലാ വിഭാഗക്കാര്‍ക്കും പബ്ളിക്ക് സ്കൂള്‍ വേണമെന്നായി. അങ്ങനെ സ്ഥാപിക്കപ്പെട്ട കോട്ടുക്കല്‍ എല്‍.പി.എസ്., മണ്ണൂര്‍ എല്‍. പി. എസ്., ചരിപ്പറമ്പ് എല്‍. പി. എസ്. എന്നിവ 80 വര്‍ഷങ്ങള്‍ക്കപ്പുറം പഴക്കമുള്ളവയാണ്. അമ്പതു വര്‍ഷം മുമ്പുവരെ നാട്ടുവൈദ്യന്‍മാരായിരുന്നു ആതുര ശുശ്രൂഷ നടത്തിയിരുന്നത്. പ്രസവം നോക്കുന്ന നാട്ടുപതിച്ചിമാര്‍ ധാരാളമുണ്ടായിരുന്നു. വൈദ്യന്‍മാര്‍ വീടുകളില്‍ താമസമാക്കി മരന്നുകളുണ്ടാക്കി കൊടുത്തു കൊണ്ടുളള ചികിത്സാ സമ്പ്രദായമാണ് നിലവിലിരുന്നത്. നിരവധി വൈദ്യന്‍മാര്‍ ഈ രംഗത്ത് പ്രശസ്തമായ നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. പാരമ്പര്യ വൈദ്യം ഇന്ന് കണ്ണിയറ്റു പോയിരിക്കുന്നു. ആലുവായ്ക്കടുത്തുളള ചെറുവാണ്ടൂരില്‍ നിന്നും ഇവിടെ വന്നു താമസമാക്കിയ പുന്നകാലാ കുടുംബത്തില്‍ പെട്ട കുര്യന്‍ ജോര്‍ജ്ജ് (72) വിഷ ചികിത്സയില്‍ ഇന്നും കേമനാണ്. ഈ വിഷയത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുളള ഇരുപത്തിയൊന്നു താളിയോല ഗ്രന്ഥങ്ങള്‍ ഇന്ന് വൈദ്യരുടെ കൈവശമുണ്ട്. തനിക്കു ശേഷം ഇതേറ്റെടുക്കാന്‍ കുടുംബത്തില്‍ മറ്റാരും തയ്യാറായിട്ടില്ല എന്ന മനോവിഷമത്തിലാണദ്ദേഹം. പേപ്പട്ടി വിഷ ചികിത്സയില്‍ വിദഗ്ദ്ധനായിരുന്ന യശശരീരനായ  ആനന്ദന്‍ പിള്ള ആശാന്‍ എന്ന വൈദ്യര്‍ അദ്ദേഹത്തിന്റെ മകനായ ഗോപാലകൃഷ്ണ പിള്ള ഈ രംഗത്ത് തല്‍പരനും വിജ്ഞനുമാണ്. പശു, ആട്, തുടങ്ങിയ വളര്‍ത്തു മൃഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ ചികിത്സിച്ച് ഭേദമാക്കിയിരുന്നതും “കാളവൈദ്യന്‍മാര്‍” എന്നറിയപ്പെട്ടിരുന്ന നാട്ടു വൈദ്യന്‍മാരായിരുന്നു.